Tuesday, September 25, 2007

നിലാവുള്ള രാത്രി - കഥ - ബെറ്റി മുട്ടോണ്‍

സമയം രാത്രി പതിനൊന്നു മണിയായി. എല്ലാവരും തന്നെ ഉറക്കത്തിന്റെ മാസ്‌മരിക ലോകത്തേക്ക് കടന്നെന്നു തോന്നി.

മണിക്കുട്ടന് പക്ഷേ ഉറക്കം വന്നില്ല. അവന്റെ മനസ്സ് കലുഷിതമാണ്. ആരും അറിയാതെ അവന്‍ മുറ്റത്തേക്കിറങ്ങി. തെക്കേതിലെ വീട് അരണ്ട വെളിച്ചത്തില്‍ അവന്‍ കണ്ടു. അവിടെ മുറ്റത്ത് ലൈറ്റിട്ടുണ്ട്.

അവന്‍ മതിലില്‍ കയറി അങ്ങോട്ടു നോക്കി... മറ്റാരെയുമല്ല... സുശീലയെ. ഇന്നും അവളെ കണ്ടില്ലല്ലോ. അവള്‍‌ക്കെന്തു പറ്റി ?

കുറച്ചു ദിവസങ്ങളായി അവളെ കാണാന്‍ ശ്രമിക്കുന്നുണ്ട്. അവള്‍ മുറ്റത്തോട്ടുപോലും ഇറങ്ങാറില്ലെന്ന് തോന്നുന്നു. മൂന്നാഴ്‌ചമുമ്പാണ് അവളെ അവസാനമായി കണ്ടത്. കാണുമ്പോള്‍ മുഖത്ത് നല്ല ക്ഷീണം തോന്നിയിരുന്നു. പല പ്രാവശ്യം ആവര്‍ത്തിച്ചു ചോദിച്ചിട്ടും അവള്‍ ഒന്നും പറഞ്ഞില്ല. ഇനിയും വല്ല അസുഖവും?

അവള്‍‌ക്കെന്താണ് സംഭവിച്ചത് ? ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ ! തന്നെക്കാണാതെ ഒരു ദിവസം പോലുമിരിക്കാന്‍ അവള്‍ക്കാകുമായിരുന്നില്ല അത്രയ്‌ക്കു സ്‌നേഹമായിരുന്നു.

മണിക്കുട്ടന്‍ മതിലില്‍ നിന്നും താഴെ ഇറങ്ങി. ഒരോന്നാലോചിച്ചുകൊണ്ട് മുറ്റത്തുകൂടെ ഉലാത്തിക്കൊണ്ടിരുന്നു. വീണ്ടും പോയി ആ മതിലിനടുത്തു കാത്തിരുപ്പു തുടര്‍ന്നു. സുശീല ഇന്നെങ്കിലും വരും.

****************************************************************************

ഒരു വര്‍ഷം മുമ്പാണ് മണിക്കുട്ടനും സുശീലയും പരിചയപ്പെട്ടത്‌. സുന്ദരിയായിരുന്നു അവള്‍. ആരേയും ആകര്‍ഷിക്കുന്ന കണ്ണുകള്‍. മഞ്ചാടിക്കുരുവിന്റെ നിറമുള്ള ചുണ്ടുകള്‍. പൂവാലന്മാരുടെ കണ്ണിലുണ്ണിയായിരുന്നു സുശീല, പക്ഷേ അവള്‍ ആരേയും ഗൌനിക്കാതെ നടന്നു നീങ്ങും. അവളുടെ നടത്തത്തിനുപോലും ഒരു താളമുണ്ടായിരുന്നു. പക്ഷേ ഒരാള്‍, മണിക്കുട്ടന്‍ മാത്രം അവളുടെ മനം കവര്‍ന്നു. ഒന്നാമത് രണ്ടു പേരും അയല്‍ക്കാര്‍. പിന്നെ... മണിക്കുട്ടന്‍ സുന്ദരനായിരുന്നു. നല്ല പൊക്കവും ഗൌരവം തുളുമ്പുന്ന മുഖവും അവന്റെ സൌന്ദര്യത്തിന് മാറ്റുകൂട്ടി. മൂക്കിന്റെ വലതുഭാഗത്ത് ഭംഗിയുള്ള മറുക് അവനൊരഴകായിരുന്നു. സുശീല അവനെ ഇഷ്‌ടപ്പെട്ടതില്‍ അത്‌ഭുതമില്ല.

ആദ്യമൊക്കെ അവര്‍ സുഹൃത്തുക്കളേപ്പോലെ പെരുമാറി. എപ്പോഴോ ആ ബന്ധം പ്രണയത്തിനു വഴി മാറി. മിക്കദിവസങ്ങളിലും നേരം അല്പമിരുട്ടുമ്പോള്‍ ആരും കാണാ‍തെ അവള്‍ മതിലിനടുത്തെത്തും. ആ സമയത്ത് മണിക്കുട്ടന്‍ അവിടെ അവളേയും കാത്തിരിക്കുന്നുണ്ടാവും.

കൊച്ചു കൊച്ചു വര്‍ത്തമാനങ്ങളും പറഞ്ഞ് അങ്ങനെയിരിക്കും. അവളോട് സംസാരിച്ചിരുന്നാല്‍ മണിക്കുട്ടന് നേരം പോകുന്നതേ അറിയില്ല.

സുശീലയുടെ വീട്ടില്‍ ഒരു ആന്റിയുണ്ട്. അവരൊന്നു കണ്ണുരുട്ടിയാല്‍ തന്നെ അവള്‍ക്കു പേടിയാണ്. ഒരു ദിവസം മണിയുമായി സംസാരിച്ചു നില്‍ക്കുന്നതു കണ്ട ആന്റി അവന്റെ മുമ്പില്‍ വെച്ച് അവളെ പൊതിരെ തല്ലി.നിസ്സഹായനായി നോക്കി നില്‍ക്കാനെ അവനായുള്ളു.

എന്നാലും ആന്റി കാണാതെ ഒളിച്ചു പാത്തും അവന്‍ അവളെക്കാണാന്‍ എത്തുമായിരുന്നു. അങ്ങനെ മാസങ്ങള്‍ പലതു കടന്നു പോയി.

******************************************************************************

മണിക്കുട്ടന്‍ പുലരുവോളം ആ മതിലിനടുത്തിരുന്നു. എപ്പോഴോ അവന്‍ ഉറങ്ങിപ്പോയി.

എന്നും നേരം ഇരുട്ടുമ്പോള്‍ മണിക്കുട്ടന്‍ കുറേ നല്ല ഓര്‍മ്മകളുമായി ആ മതിലിന്നരുകില്‍ ഉണ്ടാകും. കാത്തിരിപ്പ് തുടരുകയാണ്.

പിറ്റേ ദിവസവും അവള്‍ വന്നില്ല.

മൂന്നാമത്തെ ദിവസം അവള്‍ വന്നു.
മണിക്കുട്ടന് സന്തോഷമായി.
പക്ഷേ സുശീലയുടെ മുഖത്ത് സന്തോഷം കണ്ടില്ല. അവളുടെ മുഖം വാടിയിരിക്കുന്നു.
നിനക്കു വല്ല അസുഖവും ? അതോ ആന്റി വല്ലതും പറഞ്ഞോ ?
അവള്‍ ഉത്തരം ഒന്നും പറയാതെ ഒഴിഞ്ഞു മാറി. പെട്ടെന്നു തന്നെ തിരിച്ചു പോകുകയും ചെയ്തു. മണിക്കുട്ടന്‍ അവളെ വിളിച്ചിട്ടും അവള്‍ തിരിഞ്ഞുനോക്കിയില്ല. അവന്‍ വല്ലാതെയായി. ഇവള്‍ക്കിതെന്തു പറ്റി? കാര്യമെന്താണെന്നറിയാതെ അവന്‍ വിഷമിച്ചു. അവരുടെ വീട്ടിലേക്ക് പോകാമെന്നു വിചാരിച്ചെങ്കിലും ആന്റിയുടെ മുഖം ഓര്‍മ്മ വന്നപ്പോള്‍ വേണ്ടെന്നു വെച്ചു.

സുശീലയ്‌ക്ക് എന്താണു പറ്റിയത് ? അവളുടെ സ്‌നേഹം കുറഞ്ഞുവോ ? അവള്‍ തന്നില്‍ നിന്നും ഒഴിഞ്ഞു മറുന്നത് എന്തിനാണ് ? അവള്‍ എന്തെല്ലാമോ എന്നില്‍ നിന്നും മറച്ചു വെയ്ക്കുന്നു. അവളെ തനിക്ക് നഷ്‌ടപ്പെടുകയാണോ?


ദിവസങ്ങള്‍ കഴിഞ്ഞു പോയി
ഓരോ ദിവസവും മണിക്കുട്ടന്‍ മതിലിനടുത്തു ചെന്ന് തെക്കേവീട്ടിലേക്ക് നോക്കും. അവള്‍ വരുന്നുണ്ടോ ? ഇല്ല. അല്പസമയം അങ്ങനെ നിന്നിട്ട് മണിക്കുട്ടന്‍ തിരികെപ്പോകും

അങ്ങനെ പൌര്‍ണ്ണമി ദിവസം എത്തി.
പതിവുപോലെ മണിക്കുട്ടന്‍ മതിലിനടുത്തു ചെന്നപ്പോള്‍ അതാ മുന്നില്‍ സുശീല ചിരിച്ചു കൊണ്ടു നില്‍ക്കുന്നു.
അവളുടെ മുഖം കൂടുതല്‍ പ്രസന്നമായിരിക്കുന്നു.
മണിക്കുട്ടന്‍ സന്തോഷം കൊണ്ട് അവളുടെ അടുത്തേക്ക് ഓടിച്ചെന്നു, അവളെ കെട്ടിപ്പിടിച്ചു, ചുംബനങ്ങള്‍‌ക്കൊണ്ട് മൂടി.

മ്യാവു.... മ്യാവൂ......
പെട്ടെന്ന് മണിക്കുട്ടന്‍ സൂക്ഷിച്ചു നോക്കി. ഒരു കുഞ്ഞിപ്പൂച്ച സുശീലയെ മറപറ്റി നില്‍ക്കുന്നു.

സുശീല അവളെ തന്നോട് ചേര്‍ത്തു വെച്ച് ഒരു മുത്തം കൊടുത്തിട്ടു പറഞ്ഞു. “ മോളേ ഇതാ നിന്റെ അച്‌ഛന്‍ ...” ഒരു കള്ളച്ചിരി ചിരിച്ച് സുശീല തന്റെ കുഞ്ഞിനെ മണിക്കുട്ടന്റെ അരികിലേക്ക് തള്ളിവിട്ടു.

ആഹ്‌ളാദവും അമ്പരപ്പും കൊണ്ട് മണിക്കുട്ടന്‍ വല്ലാതെയായി. എന്താണു ചെയ്യേണ്ടതെന്ന് അറിയാതെ മണിക്കുട്ടന്‍ ഒരു നിമിഷം സ്‌തപ്‌ദനായി നിന്നു.

പരസ്‌പരം സ്‌നേഹിച്ചും തലോടിയും മൂന്നംഗ പൂച്ചക്കുടുംബം മതിലിനു മുകളിലൂടെ നടന്നു നീങ്ങി, ചുറ്റും നല്ല നിലാവുണ്ടായിരുന്നു.

ബെറ്റി മുട്ടോണ്‍