Wednesday, May 20, 2009

താളം തെറ്റിയ മനസ്സ്

കാറ്റ് വീശിക്കൊണ്ടിരുന്നു
താളത്തില്‍ ഇലകള്‍ ആടുന്നു
താളം തെറ്റാത്ത ഹൃദയമിടിപ്പ്
വ്യക്തമായി കേള്‍ക്കാം

തിര്‍മാലകള്‍ ആര്‍ത്തിരമ്പി
ഞണ്ടുകള്‍
തീരത്തേക്ക് വന്നും പോയുമിരുന്നു

ആരെയാണ് കുറ്റപ്പെടുത്തുക
മനസ്സിനെയോ അതോ
മനസ്സിന്‍ പിടികൊടുക്കാത്ത
ശരീരത്തിനേയോ ?

കാറ്റിനോട്, മഴയോട് , പ്രകൃതിയോട്,
ആഴിയോട് ഞാന്‍ ചോദിച്ചു
ഉത്തരം തരുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല.

ഒന്നു ഞാനറിഞ്ഞു
എന്റെയുള്ളില്‍ തുടിക്കുന്ന
ഒരു ജീവനുരുവാകുന്നുണ്ടെന്ന്
ഞാന്‍ തിരഞ്ഞു
അതിന്റെ ഉടയവനെ കണ്ടില്ലെങ്ങും

ഏതോ ദുരന്തകഥയിലെ നായികപോലെ
ഞാന്‍ നെടുവീര്‍പ്പിട്ടു
അപ്പോഴും കാറ്റ് വീശിക്കൊണ്ടിരുന്നു
ഹൃദയമിടിപ്പിന്റെ താളം തെറ്റിയിരുന്നു.

Thursday, May 22, 2008

കൊതിച്ചതും വിധിച്ചതും (ബെറ്റി മുട്ടോണ്‍)

നീലിമ സുന്ദരിയാണ്. പ്രീഡിഗ്രിക്കു പഠിക്കുന്നു. സുദൃഢമായ അവളുടെ മുടി തോളറ്റം വച്ചു മുറിച്ച് ഭംഗിയായി ഇട്ടിരിക്കുകയാണ്. മുടി നീട്ടി വളര്‍‌ത്താന്‍ ചെറുപ്പത്തില്‍ അവള്‍ക്ക് ഒത്തിരി ഇഷ്‌ടമായിരുന്നു. പക്ഷേ അവളുടെ അമ്മ അതിനു സമ്മതിച്ചില്ല.


“പഠിത്തത്തിനിടയ്‌ക്ക് മുടി വളര്‍‌ത്തിയാല്‍ അതു ശരിയാകില്ല, പ്രീഡിഗ്രി കഴിഞ്ഞു മതി മുടി വളര്‍ത്തലൊക്കെ” അമ്മ പറഞ്ഞു.

അങ്ങനെ ഇടതൂര്‍‌ന്നു നിതംബം മൂടിക്കിടക്കുന്ന മുടി സ്വപ്‌നങ്ങളായി മാത്രം അവശേഷിപ്പിച്ചു കൊണ്ട് നാളുകള്‍ കടന്നു പോയി.

പ്രീഡിഗ്രിക്കു ശേഷം നോര്‍‌ത്ത് ഇന്ത്യയില്‍ അവളെ പഠിക്കാനയച്ചു. അതിനു ശേഷം അവള്‍ക്കവിടെ ജോലിയായി.

ഉപ്പു രസമുള്ള അവിടുത്തെ വെള്ളത്തില്‍ മുടി നീട്ടുന്നത് ബുദ്ധിമുട്ടായി വന്നു. അങ്ങനെ എല്ലാമാസവും അവള്‍ മുടി വെട്ടി തോളറ്റമാക്കിക്കൊണ്ടേയിരുന്നു.

വര്‍ഷങ്ങള്‍ കുറേ കടന്നു പോയി. ഇന്ന് നീലിമ രണ്ട് കുട്ടികളുടെ അമ്മയാണ്.

നോര്‍‌ത്ത് ഇന്ത്യയില്‍ നിന്നും അവളുടെ ഭര്‍‌ത്താവിന് നാട്ടിലേക്ക് ട്രാന്‍‌സ്‌ഫറായി. എന്നിട്ടും അവളുടെ ഭംഗിയുള്ള മുടികള്‍ അവള്‍ മുറിച്ച് തോളറ്റം വരെയിട്ടു.

“ എന്താ നീലിമേ.. ഇപ്പോള്‍ നല്ല വെള്ളമാണല്ലോ.. നിനക്ക് നിന്റെ മുടി നീട്ടി വളര്‍‌ത്തിക്കൂടേ..?“ അവളുടെ അമ്മയ്‌ക്ക് വിഷമമായി.

“ ഞാന്‍ ആഗ്രഹിച്ച കാലത്ത് മുടി നീട്ടി വളര്‍‌ത്താന്‍ അമ്മ സമ്മതിച്ചില്ല. ഇപ്പോള്‍ എനിക്കാഗ്രഹമില്ലാഞ്ഞിട്ടല്ലമ്മേ... ഡൈയ്‌ക്കൊക്കെ എത്ര രൂപയാന്നറിയാമോ ? കുറച്ചു മുടിയേയുള്ളെങ്കില്‍ അത്രയും ഡൈ ചെയ്‌താല്‍ പോരേ.. സമയവും ലാഭം...“ അവള്‍ മറുപടി പറഞ്ഞു


ബെറ്റി മുട്ടോണ്‍

Thursday, April 24, 2008

ജീവിത സമ്പാദ്യം (ബെറ്റി മുട്ടോണ്‍)

പിശുക്കരില്‍ പിശുക്കനാണ് പത്രോസ്. ഭക്ഷണം പോലും കഴിക്കാതെ അയാള്‍ സമ്പാദിച്ചുകൊണ്ടിരുന്നു. ഭാര്യയും കുട്ടികളും ഉണ്ട്. മധുരപ്രിയനാണയാള്‍.

എവിടെയെങ്കിലും കാശുമുടക്കാതെ ഭക്ഷണം കിട്ടുന്നയിടത്ത് അയാള്‍ മുന്നിലുണ്ടാവും.

കടയില്‍ കയറുമ്പോള്‍ ജിലേബിയും ലഡുവുമൊക്കെ വാങ്ങാനാഗ്രഹമുണ്ടെങ്കിലും ആരെങ്കിലും കണ്ടാല്‍ അത് അയാളുടെ വീട്ടിലറിയുമെന്നു കരുതി ആ ആഗ്രഹം ഉള്ളിലടക്കുകയാണ് പതിവ്. അവരറിഞ്ഞാല്‍ അവര്‍‌ക്കും വാങ്ങി ക്കൊടുക്കേണ്ടി വരുമല്ലോ !

പത്രോസിന് ദുബായിലൊരു ജോലി കിട്ടി. എന്തൊക്കയോ പുതിയ തീരുമാനങ്ങളെടുത്തു കൊണ്ടാണ് ദുബായില്‍ വിമാനമിറങ്ങിയത്.

ഇനിയും പിശുക്കൊക്കെയൊന്നു മാറ്റണം. കമ്പനി അക്കോമഡേഷനില്‍ താമസം. പുറത്ത് മെസ്സില്‍ നിന്നും ഭക്ഷണം. 180 ദിര്‍ഹംസിന് മതിയാവോളം കഴിക്കാം. ചെറുപ്പത്തില്‍ കഴിയ്ക്കാതെയിരുന്നതൊക്കെ കണക്കുവെച്ച് കഴിക്കുവാന്‍ തുടങ്ങി.

രണ്ടുമാസം കഴിഞ്ഞ് ഒരു നട്ടുച്ചയ്‌ക്ക് അയാള്‍ കുഴഞ്ഞു വീണു. കൂട്ടുകാര്‍ എടുത്തുകൊണ്ട് ആശുപത്രിയില്‍ പോയി.

പരിശോധനയില്‍ ഷുഗര്‍, കൊളസ്ട്രോള്‍, പ്രഷര്‍, എല്ലാ അസുഖങ്ങളും അങ്ങേയറ്റം പറ്റി നില്‍ക്കുന്നു. ഡോക്‌ടര്‍മാര്‍ കര്‍‌ശനമായി നിര്‍‌ദ്ദേശിച്ചു “ മധുരവും, ഉപ്പും, എണ്ണയും ഉപയോഗിക്കരുത് “

അയാള്‍ക്കൊന്നും പറയാനുണ്ടായിരുന്നില്ല. ഒരുപാട് കാശാകുമ്പോള്‍ കഴിക്കാമെന്നു കരുതി ചെറുപ്പകാലത്ത് ആഗ്രഹങ്ങള്‍‌ക്കനുസരിച്ചൊന്നും കഴിച്ചില്ല.

ഇപ്പോള്‍ പ്രായമായി ഇഷ്‌ടം പോലെ കാശുമായി. പക്ഷേ ഒന്നും കഴിക്കാന്‍ പാടില്ല. നിരാശനായി ആഗ്രഹങ്ങള്‍ ഉള്ളിലൊതുക്കി അയാള്‍ മുറിയിലേക്ക് മടങ്ങി ഒപ്പം ഒരു പെട്ടി മരുന്നുകളും.

ഇപ്പോളും അയാള്‍ സമ്പാദിച്ചുകൊണ്ടേയിരിക്കുന്നു ആര്‍‌ക്കൊക്കയോ വേണ്ടി.

ബെറ്റി മുട്ടോണ്‍

Tuesday, April 22, 2008

നിറമുള്ള സ്വപ്‌നങ്ങള്‍

മേഘങ്ങള്‍ ചെങ്കല്ലുകളെപ്പോലെ തോന്നിപ്പിക്കുന്ന സുന്ദരമായ അസ്‌തമയത്തിന്റെ വിടവാങ്ങലിലാണ് ഞാന്‍ അയാളെ ആദ്യമായി കണ്ടത്.

ആരേയും ആകര്‍‌ഷിക്കുന്ന സുന്ദരമായ മുടി അനുസരണയില്ലാതെ തെന്നിക്കളിച്ചു നടക്കുന്നത് അയാളെ കൂടുതല്‍ സുന്ദരനാക്കി. സങ്കല്പത്തിലെ ഭാവി വരന്റെ മുഖം അയാളുമായി താരതമ്യപ്പെടുത്തി നോക്കി.

ഞാന്‍ അയാളെത്തന്നെ നോക്കി നിന്നു. നനവുള്ള ഒരു പുഞ്ചിരി എനിക്കു സമ്മാനിച്ചിട്ട് അയാള്‍ നടന്നു പോയി. സ്വപ്‌ന ലോകത്തെന്നപോലെ വികാര നിര്‍ഭരയായി അയാള്‍ പോയ വഴി നോക്കി നിന്നു.

ഒന്നു കൂടി അയാളെ കണ്ടിരുന്നെങ്കില്‍ എന്ന് മനസ്സാഗ്രഹിച്ചുവോ ? ഇല്ലെന്നു പറഞ്ഞാല്‍ നുണയാകും.

അയാള്‍ വന്ന സമയത്ത് അതേ സ്ഥലത്ത് പലദിവസം കണ്ണുകള്‍ ആരെയോ തിരഞ്ഞു ... കണ്ടില്ല...

മറ്റൊരു ദിവസം നട്ടുച്ച നേരത്ത് തിരക്കുള്ള വീഥിയില്‍ വെച്ച് അയാളെ കണ്ടു. അന്നും അയാളെനിക്കൊരു ചിരി സമ്മാനിച്ചു.

എന്നെ അയാളിലേക്ക് ആകര്‍ഷിച്ച വെട്ടിത്തിളങ്ങുന്ന ആ മുടികളീലേക്ക് അറിയാതെ ഞാന്‍ നോക്കിപ്പോയി. തിളക്കം കൂടിയിട്ടുണ്ടെന്നു തോന്നി. അടുത്തു വന്നു കണ്ടപ്പോളാണ് ശരിയ്‌ക്കും ഞെട്ടിയത്. ഡൈ ചെയ്‌ത മുടിയിഴകളിലൂടെ നരച്ച മുടികള്‍ തെളിയുന്നത് സൂര്യപ്രകാശത്തില്‍ കണ്ടു.

ഈശ്വരാ.. എന്റെ അച്‌ഛന്റെ പ്രായമുണ്ടാകും.... കണ്ണു തുറിച്ച് നോക്കി നില്‍‌ക്കെ എന്റെ അമ്മയുടെ പ്രായമുള്ള ഒരു സ്‌ത്രീ അയാളുടെ കൂടെ നടന്നു നീങ്ങുന്നത് നിസ്സഹായതയോടെ ഞാന്‍ നോക്കി നിന്നു.

ഈ ഡൈയുടെ ഒരു കാര്യമേ... വിട്ടു പോയ മനസ്സ് തിരിച്ചു പിടിക്കാന്‍ ശ്രമിച്ചുകൊണ്ട് ഒരു ചെറിയ ചമ്മലോടെ ഞാന്‍ നെടുവീര്‍പ്പിട്ടു.


ബെറ്റി മുട്ടോണ്‍

Tuesday, September 25, 2007

നിലാവുള്ള രാത്രി - കഥ - ബെറ്റി മുട്ടോണ്‍

സമയം രാത്രി പതിനൊന്നു മണിയായി. എല്ലാവരും തന്നെ ഉറക്കത്തിന്റെ മാസ്‌മരിക ലോകത്തേക്ക് കടന്നെന്നു തോന്നി.

മണിക്കുട്ടന് പക്ഷേ ഉറക്കം വന്നില്ല. അവന്റെ മനസ്സ് കലുഷിതമാണ്. ആരും അറിയാതെ അവന്‍ മുറ്റത്തേക്കിറങ്ങി. തെക്കേതിലെ വീട് അരണ്ട വെളിച്ചത്തില്‍ അവന്‍ കണ്ടു. അവിടെ മുറ്റത്ത് ലൈറ്റിട്ടുണ്ട്.

അവന്‍ മതിലില്‍ കയറി അങ്ങോട്ടു നോക്കി... മറ്റാരെയുമല്ല... സുശീലയെ. ഇന്നും അവളെ കണ്ടില്ലല്ലോ. അവള്‍‌ക്കെന്തു പറ്റി ?

കുറച്ചു ദിവസങ്ങളായി അവളെ കാണാന്‍ ശ്രമിക്കുന്നുണ്ട്. അവള്‍ മുറ്റത്തോട്ടുപോലും ഇറങ്ങാറില്ലെന്ന് തോന്നുന്നു. മൂന്നാഴ്‌ചമുമ്പാണ് അവളെ അവസാനമായി കണ്ടത്. കാണുമ്പോള്‍ മുഖത്ത് നല്ല ക്ഷീണം തോന്നിയിരുന്നു. പല പ്രാവശ്യം ആവര്‍ത്തിച്ചു ചോദിച്ചിട്ടും അവള്‍ ഒന്നും പറഞ്ഞില്ല. ഇനിയും വല്ല അസുഖവും?

അവള്‍‌ക്കെന്താണ് സംഭവിച്ചത് ? ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ ! തന്നെക്കാണാതെ ഒരു ദിവസം പോലുമിരിക്കാന്‍ അവള്‍ക്കാകുമായിരുന്നില്ല അത്രയ്‌ക്കു സ്‌നേഹമായിരുന്നു.

മണിക്കുട്ടന്‍ മതിലില്‍ നിന്നും താഴെ ഇറങ്ങി. ഒരോന്നാലോചിച്ചുകൊണ്ട് മുറ്റത്തുകൂടെ ഉലാത്തിക്കൊണ്ടിരുന്നു. വീണ്ടും പോയി ആ മതിലിനടുത്തു കാത്തിരുപ്പു തുടര്‍ന്നു. സുശീല ഇന്നെങ്കിലും വരും.

****************************************************************************

ഒരു വര്‍ഷം മുമ്പാണ് മണിക്കുട്ടനും സുശീലയും പരിചയപ്പെട്ടത്‌. സുന്ദരിയായിരുന്നു അവള്‍. ആരേയും ആകര്‍ഷിക്കുന്ന കണ്ണുകള്‍. മഞ്ചാടിക്കുരുവിന്റെ നിറമുള്ള ചുണ്ടുകള്‍. പൂവാലന്മാരുടെ കണ്ണിലുണ്ണിയായിരുന്നു സുശീല, പക്ഷേ അവള്‍ ആരേയും ഗൌനിക്കാതെ നടന്നു നീങ്ങും. അവളുടെ നടത്തത്തിനുപോലും ഒരു താളമുണ്ടായിരുന്നു. പക്ഷേ ഒരാള്‍, മണിക്കുട്ടന്‍ മാത്രം അവളുടെ മനം കവര്‍ന്നു. ഒന്നാമത് രണ്ടു പേരും അയല്‍ക്കാര്‍. പിന്നെ... മണിക്കുട്ടന്‍ സുന്ദരനായിരുന്നു. നല്ല പൊക്കവും ഗൌരവം തുളുമ്പുന്ന മുഖവും അവന്റെ സൌന്ദര്യത്തിന് മാറ്റുകൂട്ടി. മൂക്കിന്റെ വലതുഭാഗത്ത് ഭംഗിയുള്ള മറുക് അവനൊരഴകായിരുന്നു. സുശീല അവനെ ഇഷ്‌ടപ്പെട്ടതില്‍ അത്‌ഭുതമില്ല.

ആദ്യമൊക്കെ അവര്‍ സുഹൃത്തുക്കളേപ്പോലെ പെരുമാറി. എപ്പോഴോ ആ ബന്ധം പ്രണയത്തിനു വഴി മാറി. മിക്കദിവസങ്ങളിലും നേരം അല്പമിരുട്ടുമ്പോള്‍ ആരും കാണാ‍തെ അവള്‍ മതിലിനടുത്തെത്തും. ആ സമയത്ത് മണിക്കുട്ടന്‍ അവിടെ അവളേയും കാത്തിരിക്കുന്നുണ്ടാവും.

കൊച്ചു കൊച്ചു വര്‍ത്തമാനങ്ങളും പറഞ്ഞ് അങ്ങനെയിരിക്കും. അവളോട് സംസാരിച്ചിരുന്നാല്‍ മണിക്കുട്ടന് നേരം പോകുന്നതേ അറിയില്ല.

സുശീലയുടെ വീട്ടില്‍ ഒരു ആന്റിയുണ്ട്. അവരൊന്നു കണ്ണുരുട്ടിയാല്‍ തന്നെ അവള്‍ക്കു പേടിയാണ്. ഒരു ദിവസം മണിയുമായി സംസാരിച്ചു നില്‍ക്കുന്നതു കണ്ട ആന്റി അവന്റെ മുമ്പില്‍ വെച്ച് അവളെ പൊതിരെ തല്ലി.നിസ്സഹായനായി നോക്കി നില്‍ക്കാനെ അവനായുള്ളു.

എന്നാലും ആന്റി കാണാതെ ഒളിച്ചു പാത്തും അവന്‍ അവളെക്കാണാന്‍ എത്തുമായിരുന്നു. അങ്ങനെ മാസങ്ങള്‍ പലതു കടന്നു പോയി.

******************************************************************************

മണിക്കുട്ടന്‍ പുലരുവോളം ആ മതിലിനടുത്തിരുന്നു. എപ്പോഴോ അവന്‍ ഉറങ്ങിപ്പോയി.

എന്നും നേരം ഇരുട്ടുമ്പോള്‍ മണിക്കുട്ടന്‍ കുറേ നല്ല ഓര്‍മ്മകളുമായി ആ മതിലിന്നരുകില്‍ ഉണ്ടാകും. കാത്തിരിപ്പ് തുടരുകയാണ്.

പിറ്റേ ദിവസവും അവള്‍ വന്നില്ല.

മൂന്നാമത്തെ ദിവസം അവള്‍ വന്നു.
മണിക്കുട്ടന് സന്തോഷമായി.
പക്ഷേ സുശീലയുടെ മുഖത്ത് സന്തോഷം കണ്ടില്ല. അവളുടെ മുഖം വാടിയിരിക്കുന്നു.
നിനക്കു വല്ല അസുഖവും ? അതോ ആന്റി വല്ലതും പറഞ്ഞോ ?
അവള്‍ ഉത്തരം ഒന്നും പറയാതെ ഒഴിഞ്ഞു മാറി. പെട്ടെന്നു തന്നെ തിരിച്ചു പോകുകയും ചെയ്തു. മണിക്കുട്ടന്‍ അവളെ വിളിച്ചിട്ടും അവള്‍ തിരിഞ്ഞുനോക്കിയില്ല. അവന്‍ വല്ലാതെയായി. ഇവള്‍ക്കിതെന്തു പറ്റി? കാര്യമെന്താണെന്നറിയാതെ അവന്‍ വിഷമിച്ചു. അവരുടെ വീട്ടിലേക്ക് പോകാമെന്നു വിചാരിച്ചെങ്കിലും ആന്റിയുടെ മുഖം ഓര്‍മ്മ വന്നപ്പോള്‍ വേണ്ടെന്നു വെച്ചു.

സുശീലയ്‌ക്ക് എന്താണു പറ്റിയത് ? അവളുടെ സ്‌നേഹം കുറഞ്ഞുവോ ? അവള്‍ തന്നില്‍ നിന്നും ഒഴിഞ്ഞു മറുന്നത് എന്തിനാണ് ? അവള്‍ എന്തെല്ലാമോ എന്നില്‍ നിന്നും മറച്ചു വെയ്ക്കുന്നു. അവളെ തനിക്ക് നഷ്‌ടപ്പെടുകയാണോ?


ദിവസങ്ങള്‍ കഴിഞ്ഞു പോയി
ഓരോ ദിവസവും മണിക്കുട്ടന്‍ മതിലിനടുത്തു ചെന്ന് തെക്കേവീട്ടിലേക്ക് നോക്കും. അവള്‍ വരുന്നുണ്ടോ ? ഇല്ല. അല്പസമയം അങ്ങനെ നിന്നിട്ട് മണിക്കുട്ടന്‍ തിരികെപ്പോകും

അങ്ങനെ പൌര്‍ണ്ണമി ദിവസം എത്തി.
പതിവുപോലെ മണിക്കുട്ടന്‍ മതിലിനടുത്തു ചെന്നപ്പോള്‍ അതാ മുന്നില്‍ സുശീല ചിരിച്ചു കൊണ്ടു നില്‍ക്കുന്നു.
അവളുടെ മുഖം കൂടുതല്‍ പ്രസന്നമായിരിക്കുന്നു.
മണിക്കുട്ടന്‍ സന്തോഷം കൊണ്ട് അവളുടെ അടുത്തേക്ക് ഓടിച്ചെന്നു, അവളെ കെട്ടിപ്പിടിച്ചു, ചുംബനങ്ങള്‍‌ക്കൊണ്ട് മൂടി.

മ്യാവു.... മ്യാവൂ......
പെട്ടെന്ന് മണിക്കുട്ടന്‍ സൂക്ഷിച്ചു നോക്കി. ഒരു കുഞ്ഞിപ്പൂച്ച സുശീലയെ മറപറ്റി നില്‍ക്കുന്നു.

സുശീല അവളെ തന്നോട് ചേര്‍ത്തു വെച്ച് ഒരു മുത്തം കൊടുത്തിട്ടു പറഞ്ഞു. “ മോളേ ഇതാ നിന്റെ അച്‌ഛന്‍ ...” ഒരു കള്ളച്ചിരി ചിരിച്ച് സുശീല തന്റെ കുഞ്ഞിനെ മണിക്കുട്ടന്റെ അരികിലേക്ക് തള്ളിവിട്ടു.

ആഹ്‌ളാദവും അമ്പരപ്പും കൊണ്ട് മണിക്കുട്ടന്‍ വല്ലാതെയായി. എന്താണു ചെയ്യേണ്ടതെന്ന് അറിയാതെ മണിക്കുട്ടന്‍ ഒരു നിമിഷം സ്‌തപ്‌ദനായി നിന്നു.

പരസ്‌പരം സ്‌നേഹിച്ചും തലോടിയും മൂന്നംഗ പൂച്ചക്കുടുംബം മതിലിനു മുകളിലൂടെ നടന്നു നീങ്ങി, ചുറ്റും നല്ല നിലാവുണ്ടായിരുന്നു.

ബെറ്റി മുട്ടോണ്‍

Monday, August 20, 2007

കൈത്തിരി നാളം

കാലത്തിന്നനന്ത പ്രയാണത്തില്‍
നെട്ടോട്ട മോടുന്ന മര്‍ത്യജന്മം
ശൈശവം തന്നിലെ ശാന്തതയും
ബാല്യകാലത്തിന്റെ ചാപല്യവും
കൌമാര സുന്ദര സ്വപ്‌നങ്ങളും താണ്ടി
മാനുഷ ജന്മ മിന്നുഴലുന്നു ഭൂമിയില്‍
ഉഷ്ണകാലത്തിന്റെ തീഷ്ണതയും
നല്ല മാനം തെളിക്കുന്ന മാരിവില്ലും
വൃക്ഷം തളിര്‍ക്കുന്ന വൃശ്ചിക മാസവും
പാഴ്‌മരം വീഴുന്ന മെയ് മാസക്കാറ്റും
എല്ലാമെന്‍ ജീവിത സാഗരത്തില്‍
അലറുന്ന തിരമാല പോലങ്ങുമാറി
അതിലൊരു കൈത്തിരി നാളമായ് വന്നു
നീ , എന്നുള്ളിലാഹ്ലാദം ആര്‍ത്തിരമ്പി
നീയാണു പ്രാണന്‍ , നീയെന്‍ പ്രകൃതി
നീയെന്റെ സ്വന്തമായ്‌ ചാരത്തണഞ്ഞാലും
ക്ഷിപ്രമീ നാളത്തിലെണ്ണവറ്റി, കൊടും
അന്ധകാരത്തിലാക്കല്ലേ എന്നെയിനി

Sunday, August 19, 2007

കാലന്‍

നിന്‍ സാമീപ്യം കാതോര്‍‌ക്കുന്നെന്‍ മനം
ഹസ്തത്തിന്‍ ലാളനയേല്‍ക്കുവാന്‍ കൊതിപ്പൂ

കാര്‍മുകില്‍ തന്നുടെ കാഹളം കേള്‍ക്കുമ്പോള്‍
കൊതി കൊണ്ടു തുള്ളുന്ന കാലന്‍

ചേലൊത്ത കാലുള്ള കാക്കക്കറുമ്പനാം
കാണാനഴകുള്ള കാലന്‍

ആദിത്യ കിരണങ്ങള്‍‌ക്കെതിരായ്‌ നിലകൊള്ളും
ആത്‌മാവിനാനന്ദമായ കാലന്‍

തോട്ടത്തില്‍ നിന്നെത്തും കാര്യസ്ഥന്‍ തന്നുടെ
തോളിലായ്‌പ്പറ്റിക്കിടക്കുന്നു കാലന്‍

ആനപ്പുറത്തേറിയ മന്നന്റെ മുന്‍‌പില്‍
തലയുയര്‍ന്നാടുന്നു കാലന്‍

മിത്രത്തെ ചേര്‍ത്തിടാം വൈരിയെ നേരിടാം
അത്രയും നന്നെന്നു തോന്നുന്ന കാലന്‍

വര്‍ഷത്തില്‍ താണ്ഡവം ഉഷ്ണത്തിന്‍ പീഢനം
വൈകാതെ നീക്കുന്നു കാലന്‍

മര്‍ത്യന്റെ ഘാതകനെന്നോര്‍ത്തു കേഴേണ്ട
ഞാന്‍ വെറും കാലന്‍ കുടയൊന്നുമാത്രം