Saturday, August 11, 2007

കൌമാര സ്വപ്‌നങ്ങള്‍

കൌമാരം കൈവിട്ട കാര്‍ത്തികത്തിങ്കളേ
കണിക്കൊന്നയ്‌ക്കൊപ്പം നീ നിന്നിടാമോ ?
കല്ല്യാണപുഷ്‌പം ഞാന്‍ തന്നിട്ടെന്നാല്‍
കാലത്തിനൊപ്പം നീ നിന്നീടാമോ ?

ചാരുശീലേ നിന്റെ ചാരത്തിരിയ്‌ക്കുവാന്‍
ചാലമേ ഞാനങ്ങു ചേര്‍‌ന്നിടട്ടെ ...
ചൈത്രത്തിന്‍ വര്‍ണ്ണമിയന്ന നിന്നെ
ചാഞ്ചല്ല്യമേശാതെ നോക്കിടാം ഞാന്‍

കാമനെ വെല്ലുന്ന കള്ളക്കടാക്ഷവും
കാമിനിമാര്‍‌ക്കൊത്ത കാര്‍കൂന്തലും
നാടായ നാടെല്ലാം നോക്കി നിന്നെ
ഇനി കാണാമറയത്തങ്ങായിടല്ലെ ...

നീയെന്റെ ഓമനയായ നേരം
സ്‌നേഹത്തിന്‍ നീരോട്ടം ഉള്ളിലെങ്ങും
നിന്നെ പിരിഞ്ഞൊരു ജീവിതമില്ലെ-
നിക്കാശ്രയമുള്ളൊരു നീലക്കുറിഞ്ഞീ ...

നാണത്തില്‍ മുങ്ങിയ നിന്നുടെ പുഞ്ചിരി
നല്‌കാമോ എന്നുടെ ചുണ്ടുകള്‍ക്കും ....
ചൊല്ലട്ടെ ഞാനെന്റെ സ്‌നേഹ വചസ്സുകള്‍
നല്‌കല്ലേ നഷ്‌ടത്തിന്‍ കയ്‌പുനീര്‍‌ത്തുള്ളികള്‍...

ദുഷ്‌ടന്റെ വാക്കു കേട്ടിഷ്‌ടം നശിക്കല്ലേ ...
കഷ്‌ടത്തിലാക്കല്ലേയെന്റെ തുഷ്‌ടി
കൂട്ടാളിയായ നിന്‍ യൌവന സ്വപ്‌നങ്ങള്‍
കാര്‍മുകില്‍ മാലകളായിടല്ലേ ...

നാശത്തിന്‍ വാക്കു നീയോതിടല്ലേ
നല്ലതു മാത്രമേ ചൊല്ലിടാവൂ ...
നന്മ നിറഞ്ഞ നിന്‍ നല്ല മനസ്സിലും
നല്ലതു മാത്രമേ ചിന്തിക്കാവൂ ...

1 comment:

ശ്രീ said...

നല്ല കവിത...

ഇതെന്തേ അരും കാണാത്തെ?
:)