Monday, August 20, 2007

കൈത്തിരി നാളം

കാലത്തിന്നനന്ത പ്രയാണത്തില്‍
നെട്ടോട്ട മോടുന്ന മര്‍ത്യജന്മം
ശൈശവം തന്നിലെ ശാന്തതയും
ബാല്യകാലത്തിന്റെ ചാപല്യവും
കൌമാര സുന്ദര സ്വപ്‌നങ്ങളും താണ്ടി
മാനുഷ ജന്മ മിന്നുഴലുന്നു ഭൂമിയില്‍
ഉഷ്ണകാലത്തിന്റെ തീഷ്ണതയും
നല്ല മാനം തെളിക്കുന്ന മാരിവില്ലും
വൃക്ഷം തളിര്‍ക്കുന്ന വൃശ്ചിക മാസവും
പാഴ്‌മരം വീഴുന്ന മെയ് മാസക്കാറ്റും
എല്ലാമെന്‍ ജീവിത സാഗരത്തില്‍
അലറുന്ന തിരമാല പോലങ്ങുമാറി
അതിലൊരു കൈത്തിരി നാളമായ് വന്നു
നീ , എന്നുള്ളിലാഹ്ലാദം ആര്‍ത്തിരമ്പി
നീയാണു പ്രാണന്‍ , നീയെന്‍ പ്രകൃതി
നീയെന്റെ സ്വന്തമായ്‌ ചാരത്തണഞ്ഞാലും
ക്ഷിപ്രമീ നാളത്തിലെണ്ണവറ്റി, കൊടും
അന്ധകാരത്തിലാക്കല്ലേ എന്നെയിനി

Sunday, August 19, 2007

കാലന്‍

നിന്‍ സാമീപ്യം കാതോര്‍‌ക്കുന്നെന്‍ മനം
ഹസ്തത്തിന്‍ ലാളനയേല്‍ക്കുവാന്‍ കൊതിപ്പൂ

കാര്‍മുകില്‍ തന്നുടെ കാഹളം കേള്‍ക്കുമ്പോള്‍
കൊതി കൊണ്ടു തുള്ളുന്ന കാലന്‍

ചേലൊത്ത കാലുള്ള കാക്കക്കറുമ്പനാം
കാണാനഴകുള്ള കാലന്‍

ആദിത്യ കിരണങ്ങള്‍‌ക്കെതിരായ്‌ നിലകൊള്ളും
ആത്‌മാവിനാനന്ദമായ കാലന്‍

തോട്ടത്തില്‍ നിന്നെത്തും കാര്യസ്ഥന്‍ തന്നുടെ
തോളിലായ്‌പ്പറ്റിക്കിടക്കുന്നു കാലന്‍

ആനപ്പുറത്തേറിയ മന്നന്റെ മുന്‍‌പില്‍
തലയുയര്‍ന്നാടുന്നു കാലന്‍

മിത്രത്തെ ചേര്‍ത്തിടാം വൈരിയെ നേരിടാം
അത്രയും നന്നെന്നു തോന്നുന്ന കാലന്‍

വര്‍ഷത്തില്‍ താണ്ഡവം ഉഷ്ണത്തിന്‍ പീഢനം
വൈകാതെ നീക്കുന്നു കാലന്‍

മര്‍ത്യന്റെ ഘാതകനെന്നോര്‍ത്തു കേഴേണ്ട
ഞാന്‍ വെറും കാലന്‍ കുടയൊന്നുമാത്രം

Thursday, August 16, 2007

ആകുലത

വീണിതയ്യോ മനം ദുഃഖത്തിന്‍ പടുകുഴിയില്‍
വാടാതെ തെളിഞ്ഞിടുന്നാ മുഖത്തിനുള്ളില്‍
വീശിടുന്നു വെറും സൌഹൃദത്തിന്‍ പൊയ്‌മുഖം
വാഴ്‌ത്തിപ്പടിയ മുഖദാവില്‍ നിന്നുയരുന്നു ജല്പനങ്ങള്‍

വാശിയേറിയ നിമിഷങ്ങള്‍ പൊയിയുന്നീ
വടുവൃക്ഷത്തിന്‍ പതംഗം പോല്‍
വാനോള മുയര്‍ന്നയെന്‍ മാധുര്യ ചിത്തം തന്നില്‍
വായ്‌ക്കരിയിടുന്നു ആ വാക്കുകള്‍ എന്നുമെന്നും

കാലത്തിന്‍ ചക്രം നീങ്ങും ; കാമത്തിന്‍ രസം പോകും
കാട്ടിലെ കിളിപ്പെണ്ണേ കിന്നാരം ചൊല്ലാന്‍ വയ്യേ
ചക്രവാളം ചുവക്കുമ്പോള്‍ ചേക്കേറുന്നാ
കിളികളും വൃക്ഷത്തിന്‍ ചെറു കൊമ്പില്‍

ആദിത്യന്‍ മിഴിചിമ്മും നേരമീ പക്ഷികളും
പോകുന്നു ഇടം തേടി മറ്റേതോ ദിക്കിലേക്ക്‌
നഷ്‌ടമാം സ്വപ്‌നങ്ങളെ ഓര്‍‌ക്കേണ്ട
വേറെയും പക്ഷികളീ ശാഖയില്‍ വന്നീടുമേ

പുഴ തന്‍ ഗതിമാറും സ്‌നേഹത്തിന്‍ പൂക്കള്‍ വാടും
എത്തുമീ പൂക്കള്‍ നിന്റെ ചിത്തമാം കൂടയ്ക്കുള്ളില്‍
ആശതന്‍ സ്വര്‍ണ്ണത്തേരില്‍ ഗഗനം കേറീടുമ്പോള്‍
ആശങ്കയോടെ ഏവം വീഴുന്നു നിരാശയില്‍

കിട്ടുമീ സൌഹൃദത്തിന്‍ കയ്പുനീര്‍ കുടിക്കുമ്പോള്‍
കാത്തിരുന്നാ കണ്‍കണ്‍ താനും വിങ്ങുന്നു കഠോരമായ്
കഠിന ചിത്തയായെന്‍ കാനന സുന്ദരി നിന്‍
കായത്തിനുള്ളിലെങ്ങും കാരുണ്യമേതുമില്ലേ

Wednesday, August 15, 2007

ജീവിതം നേടുവാന്‍

ആമോദത്തിമിര്‍പ്പില്‍ തീര്‍‌ത്തൊരെന്‍ ജീവിതം
ആഘാ‍തക്കുഴിയിലിന്നുഴലവേ
ആരു കേള്‍ക്കുമെന്‍ ഹൃദയദുഃഖം
ആര്‍ക്കു വേണ്ടിയീ കാവ്യം രചിക്കും

കതിരൊളി ചിമ്മിയ കരളിനുള്ളില്‍
കളിയാടുന്ന കാളകൂടത്തിന്‍ കാഠിന്യമേതും
കാത്തിരുന്നൊരെന്‍ കാന്തയെ
കാണാമറയത്തൊളിപ്പിച്ചു ഭവാന്‍

ചിന്താഗ്രസ്‌തമാം ചിത്തത്തിനുള്ളില്‍
ചന്തത്തിലെത്തുന്ന ശാലീനത
ചമയങ്ങപ്പില്ലാതെ, ചാഞ്ചല്ല്യമില്ലാതെ
ചിരിച്ചു മറഞ്ഞുവാ ചെഞ്ചുണ്ടുകള്‍

നീറുന്നൊരെന്‍ സപ്‌ത നാഡികള്‍
നീറ്റുകക്ക നീരിലെന്ന പോല്‍
നഷ്‌ടമാം ദിനങ്ങളിലോര്‍ത്തു നില്‌ക്കാം: നിന്‍
നാണത്തില്‍ പൊതിഞ്ഞ നറു പുഞ്ചിരി

വിരഹ വേദനയാല്‍ വിജ്ഞാന ദാഹത്താല്‍
വെമ്പല്‍ക്കൂട്ടുന്നഹം ഗൃഹമണയുവാന്‍
ഗഗനം പോലെന്‍ ഗദ്ഗദങ്ങള്‍
ഗമിച്ചിടുന്നു ഗണമോടെ, സഖേ ....

സ്വപ്‌നങ്ങളെന്തിനു നല്‍കി ദൈവം
ഓര്‍ത്തു കരയാനോ : ദുഃഖങ്ങളെന്തിനു
നല്‍കി മര്‍ത്യനു, മാനസം മങ്ങിടാനോ ?
കരഞ്ഞു തീര്‍ക്കുവാനല്ലീ ജീവിതം ; നേടുവാന്‍

Tuesday, August 14, 2007

ആരാണു നീ …..

അനന്ദമജ്ഞാതമവര്‍‌ണ്ണനീയം, ദര്‍ശിപ്പൂ
ഞാന്‍ കാലത്തിന്‍ കളിയാട്ടങ്ങള്‍
ആര്‍ക്കുമാര്‍ക്കും അനിയന്ത്രിതം
ആനന്ദത്തിന്നുടയവനെ

ദുഃഖമാം ചെറുവഞ്ചിയിലേറി ഞാന്‍
ജീവിതത്തിന്‍ സാഗരം താണ്ടവെ
തളരാതെ താഴാതെ താങ്ങുമാ കൈക-
ളെന്‍ ജീവഗന്ധിയാം ചെറുതോണിയെ

നഷ്ട സ്വപ്‌നങ്ങളെയോര്‍ത്തഹം കേഴവേ
കേള്‍ക്കുന്നു സ്‌നേഹത്തിന്‍ മണിനാദം
ശ്രവണ പുടത്തിന്നരികെയെത്തുന്നാ
ശ്രാവണത്തിങ്കളിന്‍ കളമൊഴിനാദം

നഷ്ടമാകുന്നു വാക്കുകളെന്നുള്ളില്‍
നിശ്ചേതനമാകുന്നീ നാവുപോലും
ആരാണു നീയെന്ന ചോദ്യമെന്നില്‍
ആമോദഘോഷമായി തങ്ങി നിന്നു

അര്‍ത്ഥമില്ലാത്ത ആശയങ്ങളെന്നില്‍
അന്ധനേപ്പോല്‍ അലഞ്ഞു നിന്നു
ആര്‍ക്കാനും ലഭ്യമോ ആരാമവാടിയെ
ആര്‍ക്കു മറിയീലാ.. ഭവാനൊഴികെ !

Saturday, August 11, 2007

കാട്ടുപൂവ്

നാടിന്റെ നൈര്‍മ്മല്യം നുണയുന്ന നിന്നോട്‌
ഞാനെന്തു ചൊല്ലേണ്ടു കാട്ടുപൂവേ ... !
നല്ല സങ്കല്പങ്ങള്‍ തീര്‍ത്ത നിന്‍ കാന്തിയാല്‍
നൈരാശ്യക്കൊട്ടാരം തീര്‍ത്തു പെണ്ണേ ....

നിന്നെ ഞാന്‍ കണ്ടൊരു നാഴിക മാറിയാ –
ലെത്രയും നന്നെന്നു ഓര്‍ത്തു പോയി
ഓര്‍മ്മകള്‍ നല്‌കിയൊരീശന്റെ കണ്മുന്‍പി –
ലെത്രനാള്‍ നിദ്രാ വിഹീനനാകും ?

മോഹന സുന്ദര രാജ്യത്തു നീയിപ്പോള്‍
മന്മഥരാജ്ഞിയായ്‌ വാഴുന്നേവം
നിന്നുടെ ചിത്തത്തിലൊന്നുമേ തങ്ങൂല്ലാ
കാരണം ലോകസുഖത്തിന്‍ മേന്മ...

നാടിനെ പുല്‍കീട്ടു നീയിങ്ങു വന്നേരം
നന്മയിന്‍ ശീലുകള്‍ നല്‍കീടണേ ....
ദുര്‍ഗന്ധമാര്‍‌ന്നൊരു വാക്കു പുഷ്പങ്ങളാല്‍
നിന്ദിതനായ്‌ തീര്‍ത്തു മാറ്റിടല്ലേ ...

മാധുര്യ നീരിന്റെ പൂഞ്ചോല നിന്നുള്ളില്‍
മാറാതെ നന്നായൊഴുകീടട്ടേ ...
ആ മധുനീരിന്റെ തുള്ളി നീ നല്‍കുമോ ?
ദാഹിച്ചു കേഴുന്ന എന്റെ നാവില്‍ ...

സൌഗന്ധികമാര്‍ന്ന താമര പോലുമീ
കാലത്തിന്നോട്ടത്തില്‍ പട്ടു പോകും..
സ്വന്തമാം ജീവിതം സന്തോഷപൂര്‍ണ –
മായ്‌ ത്തീരുവാന്‍ നോക്കുക ഇഷ്‌ടതോഴീ ...

കൌമാര സ്വപ്‌നങ്ങള്‍

കൌമാരം കൈവിട്ട കാര്‍ത്തികത്തിങ്കളേ
കണിക്കൊന്നയ്‌ക്കൊപ്പം നീ നിന്നിടാമോ ?
കല്ല്യാണപുഷ്‌പം ഞാന്‍ തന്നിട്ടെന്നാല്‍
കാലത്തിനൊപ്പം നീ നിന്നീടാമോ ?

ചാരുശീലേ നിന്റെ ചാരത്തിരിയ്‌ക്കുവാന്‍
ചാലമേ ഞാനങ്ങു ചേര്‍‌ന്നിടട്ടെ ...
ചൈത്രത്തിന്‍ വര്‍ണ്ണമിയന്ന നിന്നെ
ചാഞ്ചല്ല്യമേശാതെ നോക്കിടാം ഞാന്‍

കാമനെ വെല്ലുന്ന കള്ളക്കടാക്ഷവും
കാമിനിമാര്‍‌ക്കൊത്ത കാര്‍കൂന്തലും
നാടായ നാടെല്ലാം നോക്കി നിന്നെ
ഇനി കാണാമറയത്തങ്ങായിടല്ലെ ...

നീയെന്റെ ഓമനയായ നേരം
സ്‌നേഹത്തിന്‍ നീരോട്ടം ഉള്ളിലെങ്ങും
നിന്നെ പിരിഞ്ഞൊരു ജീവിതമില്ലെ-
നിക്കാശ്രയമുള്ളൊരു നീലക്കുറിഞ്ഞീ ...

നാണത്തില്‍ മുങ്ങിയ നിന്നുടെ പുഞ്ചിരി
നല്‌കാമോ എന്നുടെ ചുണ്ടുകള്‍ക്കും ....
ചൊല്ലട്ടെ ഞാനെന്റെ സ്‌നേഹ വചസ്സുകള്‍
നല്‌കല്ലേ നഷ്‌ടത്തിന്‍ കയ്‌പുനീര്‍‌ത്തുള്ളികള്‍...

ദുഷ്‌ടന്റെ വാക്കു കേട്ടിഷ്‌ടം നശിക്കല്ലേ ...
കഷ്‌ടത്തിലാക്കല്ലേയെന്റെ തുഷ്‌ടി
കൂട്ടാളിയായ നിന്‍ യൌവന സ്വപ്‌നങ്ങള്‍
കാര്‍മുകില്‍ മാലകളായിടല്ലേ ...

നാശത്തിന്‍ വാക്കു നീയോതിടല്ലേ
നല്ലതു മാത്രമേ ചൊല്ലിടാവൂ ...
നന്മ നിറഞ്ഞ നിന്‍ നല്ല മനസ്സിലും
നല്ലതു മാത്രമേ ചിന്തിക്കാവൂ ...