Saturday, August 11, 2007

കാട്ടുപൂവ്

നാടിന്റെ നൈര്‍മ്മല്യം നുണയുന്ന നിന്നോട്‌
ഞാനെന്തു ചൊല്ലേണ്ടു കാട്ടുപൂവേ ... !
നല്ല സങ്കല്പങ്ങള്‍ തീര്‍ത്ത നിന്‍ കാന്തിയാല്‍
നൈരാശ്യക്കൊട്ടാരം തീര്‍ത്തു പെണ്ണേ ....

നിന്നെ ഞാന്‍ കണ്ടൊരു നാഴിക മാറിയാ –
ലെത്രയും നന്നെന്നു ഓര്‍ത്തു പോയി
ഓര്‍മ്മകള്‍ നല്‌കിയൊരീശന്റെ കണ്മുന്‍പി –
ലെത്രനാള്‍ നിദ്രാ വിഹീനനാകും ?

മോഹന സുന്ദര രാജ്യത്തു നീയിപ്പോള്‍
മന്മഥരാജ്ഞിയായ്‌ വാഴുന്നേവം
നിന്നുടെ ചിത്തത്തിലൊന്നുമേ തങ്ങൂല്ലാ
കാരണം ലോകസുഖത്തിന്‍ മേന്മ...

നാടിനെ പുല്‍കീട്ടു നീയിങ്ങു വന്നേരം
നന്മയിന്‍ ശീലുകള്‍ നല്‍കീടണേ ....
ദുര്‍ഗന്ധമാര്‍‌ന്നൊരു വാക്കു പുഷ്പങ്ങളാല്‍
നിന്ദിതനായ്‌ തീര്‍ത്തു മാറ്റിടല്ലേ ...

മാധുര്യ നീരിന്റെ പൂഞ്ചോല നിന്നുള്ളില്‍
മാറാതെ നന്നായൊഴുകീടട്ടേ ...
ആ മധുനീരിന്റെ തുള്ളി നീ നല്‍കുമോ ?
ദാഹിച്ചു കേഴുന്ന എന്റെ നാവില്‍ ...

സൌഗന്ധികമാര്‍ന്ന താമര പോലുമീ
കാലത്തിന്നോട്ടത്തില്‍ പട്ടു പോകും..
സ്വന്തമാം ജീവിതം സന്തോഷപൂര്‍ണ –
മായ്‌ ത്തീരുവാന്‍ നോക്കുക ഇഷ്‌ടതോഴീ ...

No comments: